കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികൾ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയിൽ. ഇരുവരേയും ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇരുവരുടെയും മൊഴികളിൽ നിന്ന് കൂടുതൽ ഗൗരവമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ എം ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
കസ്റ്റംസ് അപേക്ഷ പരിഗണിച്ച് ഇരുവരുടെയും കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ നീട്ടി. ഡോളർ കടത്തിൽ ശിവശങ്കറിന്റെയും ഈജിപ്ഷ്യൻ പൗരൻ ഖാലിദിന്റെയും പങ്കിനു പുറമേ ഏതാനും വിദേശ പൗരൻമാർക്കു കൂടി പങ്കുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരെ കൂടി വരും ദിവസങ്ങളിൽ അന്വേഷണ പരിധിയിൽ കൊണ്ടു വരേണ്ടതുണ്ട് എന്നും കസ്റ്റംസ് അഭ്യർഥിച്ചു.
ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും സരിത്തിനെയും ഒപ്പമിരുത്തി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.ഇതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് കസ്റ്റംസ് വിലയിരുത്തുന്നു.