പബ്ജിയുടെ തിരിച്ചുവരവിന് തിരിച്ചടി ; തീരുമാനമെടുക്കാതെ ഐടി മന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയിൽ തിരിച്ചുവരവിന് പബ്ജി ഗെയിം നടത്തിയ നീക്കത്തിന് തിരിച്ചടി. വിലക്കിയ ഗെയിം ആയതിനാൽ ഐ ടി മന്ത്രാലയ അനുമതി കൂടാതെ അനുമതിയില്ലാതെ തിരികെ ലോഞ്ച് ചെയ്യാൻ കഴിയില്ല. പബ്ജിയുടെ തിരിച്ചുവരവിനെപ്പറ്റി കുറച്ചു കാലമായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പബ്ജി ഗെയിം അധികൃതർ ഐടി മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്താൻ അനുമതി തേടിയെങ്കിലും ഇവരുടെ അഭ്യത്ഥനയോട് മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

കമ്പനി അധികൃതർ നാല് ആഴ്ചകൾക്കു മുൻപാണ് മന്ത്രാലയത്തിനോട് കൂടിക്കാഴ്ചയ്ക്കുള്ള അഭ്യർത്ഥന നടത്തിയത്. ഇതുവരെ അതിന് മന്ത്രാലയം മറുപടി നൽകിയിട്ടില്ല. കൂടിക്കാഴ്ചയ്ക്കായുള്ള ശ്രമങ്ങൾ കമ്പനി തുടർന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു.

ഇതിനായി പബ്ജി ഇന്ത്യൻ പതിപ്പും ഇവർ പുറത്തിറക്കി. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസന്റ് ഗെയിംസിന്റെ ചൈനയിലെ സെർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് പബ്ജിയുടെ ഇന്ത്യയിലെ നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെന്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.