ന്യൂഡെൽഹി; പതഞ്ജലി, ഡാബർ, സാന്ദു തുടങ്ങിയ ഇന്ത്യൻ ബ്രാൻറുകൾ വിൽക്കുന്നത് മായം കലർന്ന തേൻ എന്ന് കണ്ടെത്തൽ. 13 ബ്രാൻറുകൾ പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. ചൈനീസ് ഷുഗർ ചേർത്ത തേൻ ആണ് പ്രമുഖ ബ്രാൻറുകൾ വിൽക്കുന്നതെന്ന് സെൻറർ ഫോർ സയൻസ് ആൻറ് എൻവയൺമെൻറ് (സി.എസ്.ഇ) കണ്ടെത്തി. ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വർഷങ്ങളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ സങ്കീർണമായ തട്ടിപ്പാണ് ഇത്.
ആരോഗ്യത്തിന് വളരെയധികം ഹാനികരമായ തട്ടിപ്പാണ് തേനിൽ നടക്കുന്നത്. കൊറോണ മഹാമാരിക്കിടെ തേൻ വിൽപനയിൽ വർധന ഉണ്ടായിട്ടും തേനീച്ച വളർത്തുന്ന കർഷകർ ദുരിതത്തിലാണെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടർ ജനറൽ സുനിത നരേൻ പറഞ്ഞു.
കൊറോണ വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിരോധം വർധിപ്പിക്കാനായി തേൻ ഉപഭോഗം കൂടിയ സമയമാണിത്. പഞ്ചസാര സിറപ്പ് ചേർത്ത് വിൽപനക്കെത്തുന്ന തേനുകൾ കൊറോണ അപകട സാധ്യത കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്.
തേനിൽ ചേർക്കുന്ന പഞ്ചസാര കൂടുതലായി ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇതും ആരോഗ്യത്തിന് ഭീഷണിയാണെന്നും സുനിത നരേൻ വ്യക്തമാക്കി.തേനിലെ മായം കണ്ടെത്തുന്ന പരിശോധനകളെ മറികടക്കാൻ കഴിയും വിധത്തിലാണ് പഞ്ചസാര സിറപ്പ് തേനിൽ ചേർക്കുന്നതെന്നും സി.എസ്.ഇ കണ്ടെത്തി.