കണ്ണൂർ: ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിയുടെ ഭാര്യ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പരാതിയിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ് പാർട്ടി ജില്ല ആസ്ഥാനമായ മാറാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ കൂടിയായ പത്മരാജൻ സ്കൂളിൽവെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. തുടക്കം മുതൽ അന്വേഷണം ഇഴഞ്ഞുനീങ്ങിയ കേസിൽ ജനകീയ ഇടപെടലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, പോക്സോ ഒഴിവാക്കി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിലൂടെ പ്രതി ജാമ്യത്തിലിറങ്ങി. കേസിന്‍റെ മേൽനോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് ഇരയെ അധിക്ഷേപിച്ചും പ്രതിക്ക് അനുകൂലമായും നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.
തുടർന്ന്, കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതിയെ സംരക്ഷിക്കുന്നുവെന്നും ചൂണ്ടികാട്ടി പെൺകുട്ടിയുടെ അമ്മ ഹൈകോടതിയിൽ ഹർജി നൽകി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും പുതിയ സംഘത്തെ നിയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തളിപറമ്പ് ഡിവൈഎസ്പി രത്നകുമാറിന് അന്വേഷണ ചുമതല നല്‍കിയത്. എഡിജിപി ജയരാജനാണ് മേൽനോട്ട ചുമതല.
പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നത് പ്രതിയെ തുടക്കം മുതൽ സംരക്ഷിച്ച നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇതിൻ്റെ ഭാഗാമയാണ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയതെന്ന് ആരോപണമുയർന്നു കഴിഞ്ഞു.
പോക്സോ അടക്കം ചുമത്തുമെന്ന തിരിച്ചറിവാണ് പ്രതിയുടെ ഭാര്യയെ കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്ന് ബിജെപി ആരോപിക്കുന്നു.