മുൻ കെപിസിസി ജനറൽ സെക്രട്ടറി സിആർ ജയപ്രകാശ് അന്തരിച്ചു

ആലപ്പുഴ: മുൻ കെപിസിസി ജനറൽ സെക്രട്ടറി സിആർജയപ്രകാശ് (68) അന്തരിച്ചു. കൊറോണ ബാധിച്ച് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30 നായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ നവംബർ 20നാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തും 2016 ൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയായും മൽസരിച്ച് പരാജയപ്പെട്ട സി ആർ ജയപ്രകാശ് കായംകുളം സ്വദേശിയാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിലെ ഏറെ സജീവമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു.

ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കൾ: ഡോ. ധന്യ, ധനിക് (യുകെ).