അഞ്ചു ജില്ലകളിലെ അവധി; തെരഞ്ഞെടുപ്പ് ജോലികൾക്ക് മുടക്കമില്ല; കെഎസ്ആർടിസി അവശ്യ സർവ്വീസുകൾ മാത്രം

തിരുവനന്തപുരം; ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാളെ അഞ്ചു ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ മുടക്കമില്ലാതെ നടക്കും.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റുമണ്ടാകില്ല), പുതിയ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള നോട്ടിസ് നൽകൽ (ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും രാവിലെ മുതൽ പ്രവർത്തിക്കും), എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളും, സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതും നൽകുന്നതുമായ ജോലികൾ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല.

ഏതെങ്കിലുംവിധമുള്ള തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പതിവുപോലെ ജോലിക്ക് ഹാജരായി ചുമതലകൾ നിർവഹിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: എ. ജയതിലക് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെഎസ്ആർടിസി യ്ക്കും ബാധകമായതിനാൽ ഈ ജില്ലകളിൽ അവശ്യ സർവ്വീസ് മാത്രമാകും സർവ്വീസ് നടത്തുക.

ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.