ലോകത്തിന് ആശ്വാസം; ആദ്യ കൊറോണ വാക്സിന്‍ പുറത്തിറങ്ങി

ലണ്ടൻ: ലോകത്തിന് ആശ്വാസമായി ആദ്യ കൊറോണ വാക്സിൻ പുറത്തിറങ്ങി. വാക്സിൻ ഉപയോഗത്തിന് ഇംഗ്ലണ്ട് അനുമതി നൽകി. ഫൈസറിൻ്റെ കൊറോണ പ്രതിരോധ വാക്‌സിൻ ഉപയോഗിക്കാനാണ് അനുമതി നൽകിയത്. ജര്‍മന്‍ കമ്പനിയായ ബയോ എന്‍ ടെക് എസ് ഇയുമായി ചേർന്നു ഫൈസര്‍ വികസിപ്പിച്ച വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബ്രിട്ടൻ.

മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർ‌എ) ശുപാർശ അംഗീകരിച്ചതായും അടുത്ത ആഴ്ച്ച മുതൽ രാജ്യത്തുടനീളം വാക്‌സിൻ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു. വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കൊറോണ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.
പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ 2021 ഓഗസ്‌റ്റോടെ ഏകദേശം 30 കോടിയോളം ആളുകൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് നൽകുമെന്നു ആരോഗ്യ മന്ത്രി ഹർഷവർധൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘അടുത്ത മൂന്ന്- നാല് മാസത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ നൽകാനാവുമെന്നു കരുതുന്നു.

ജൂലൈ- ഓഗസ്‌റ്റോടെ 25-30 കോടിയോളം ആളുകൾക്ക് വാക്‌സിൻ നൽകാനാണ് പദ്ധതിയിടുന്നത്.അതിന് അനുസരിച്ചു തയ്യാറെടുപ്പ് നടത്തികൊണ്ടിരിക്കുകയാണ്’, ഹർഷവർധൻ വ്യക്തമാക്കി.