സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയും സരിതും രഹസ്യമൊഴി രേഖപ്പെടുത്തുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെയും സരിതിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നു. കസ്റ്റംസ് കേസിലാണ് രഹസ്യമൊഴി എടുക്കുന്നത്. മജിസ്ട്രേറ്റ് കോടതിയാണ് സിആർപിസി 164 പ്രകാരമുള്ള മൊഴിയെടുക്കുന്നത്.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് മൊഴിയിലുള്ളതായാണ് സൂചന.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്. 102 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും ഫെഡറൽ ബാങ്കിലെയും ലോക്കറുകളിലെ ഒരു കോടി രൂപ ആരുടേതാണെന്ന ചോദ്യം ആദ്യം മുതലേ ഉയർന്നിരുന്നതാണ്. ഷാർജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് ആദ്യവും പിന്നീട് അച്ഛൻ വിവാഹസമ്മാനമായി തന്നതാണെന്ന് പിന്നീടും പരസ്പരവിരുദ്ധമായ മൊഴികളാണ് സ്വപ്ന പറഞ്ഞത്. എന്നാൽ കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്നയുടെ വിശദമായ മൊഴിയെടുത്തപ്പോൾ എവിടെ നിന്നാണ് ഈ പണം ലഭിച്ചതെന്ന് സ്വപ്ന വ്യക്തമാക്കിയെന്നാണ് ഇഡി സത്യവാങ്മൂലത്തിൽ പറയുന്നത്.