തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം പല്ലും നഖവുമുപയോഗിച്ച് എതിർത്ത സംസ്ഥാന സർക്കാരിനും സിപിഎമ്മിനും തിരിച്ചടിയായി. ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങുകയാണ് സിബിഐ. രാഷ്‌ട്രീയ വിവാദങ്ങൾക്കു വഴിയൊരുക്കിയ കേസിൽ അന്വേഷണം സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ്, തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണം കത്തിനിൽക്കെ ഇടതു മുന്നണിക്ക് പ്രഹരമാകുന്ന വിധി.
കേസ് ഡയറി ഉൾപ്പെടെ അന്വേഷണ വിശദാംശങ്ങൾ അടിയന്തരമായി കൈമാറാൻ ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഇന്നുതന്നെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ രേഖകളെത്തിക്കാനാണ് സാധ്യത. കോടതി വിധി വന്നതോടെ ഇക്കാര്യത്തിൽ ഇനി ഒളിച്ചുകളി നടക്കില്ല. ഫോറൻസിക് റിപ്പോർട്ട് അടക്കം രേഖകൾ ആവശ്യപ്പെട്ട് നേരത്തെ ഏഴു തവണ സിബിഐ കത്തു നൽകിയിരുന്നു.
പ്രാദേശിക സിപിഎം
നേതാക്കൾ പ്രതികളായ കേസിൽ ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കെതിരെയടക്കം, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും സിബിഐ അന്വേഷിക്കും.സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടിപിഅനന്തകൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഇരട്ടക്കൊലപാതകവുമായി ഏതെങ്കിലും വിധത്തിൽ പങ്കുണ്ടെന്നു വ്യക്തമായാൽ എത്ര ഉന്നതനെയും പ്രതി ചേർക്കാനാണ് സിബിഐ നീക്കം.
പുതിയ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നെങ്കിലും അപ്പീലിൽ നിലനിർത്തി. ഏതു കുറ്റപത്രം സ്വീകരിക്കണമെന്നത് വിചാരണ കോടതി തീരുമാനിക്കുമെന്ന് സിബിഐ വ്യക്തമാക്കി. രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന്റേതെന്ന രൂക്ഷവിമർശനത്തോടെ 2019 ഒക്ടോബറിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതിനെതിരായ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളിയതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു ഇന്നലെയും സർക്കാർ വാദം. എന്നാൽ, സിബിഐ കഴിഞ്ഞ ആഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, സിബിഐയ്ക്ക് കേസ് കൈമാറിയതു കൊണ്ട് പൊലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് നിരീക്ഷിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ 2019 ഫെബ്രുവരി 17ന് രാത്രിയാണ് കൊല്ലപ്പെട്ടത്. പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന ഇരുവരെയും ബൈക്കിലും കാറിലുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മൂന്നാം ദിവസം ഒന്നാം പ്രതി സിപിഎം പെരിയ മുൻ ലോക്കൽ സെക്രട്ടറി എം. പീതാംബരൻ അറസ്റ്റിലായി. അന്വേഷണം ഒരു മാസം പിന്നിട്ടതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആകെ 14 പ്രതികളാണ് അറസ്റ്റിലായത്. സിപിഎം ഏരിയാ സെക്രട്ടറി , പെരിയ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നു പ്രതികൾക്ക് ജാമ്യം ലഭിച്ചു. 11 പ്രതികൾ ജയിലിലാണ്.