തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാനും സാധ്യത. സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പുറത്തു വിട്ട പുതിയ വിവരങ്ങൾ പ്രകാരം ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവിൽ പുറത്തു വിട്ട വിവരം. അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം നാളെ രാത്രിയോടെ തമിഴ്നാട് തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത് ഒരു തരത്തിൽ ഗുണകരമാണെന്നും കരയിലൂടെ കൂടുതൽ നീങ്ങും തോറും കാറ്റിൻ്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി. പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ.അഭിലാഷ് പറഞ്ഞു.
ഓഖി ചുഴലിക്കാറ്റിൽ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങൾ ബുറെവിയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നും നാളെ രാവിലെ മുതൽ മറ്റന്നാൾ വൈകിട്ട് കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും അഭിലാഷ് പറയുന്നു.
ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയിൽ ഇനിയും മാറ്റം വരാം. കേരളത്തിന് പുറത്തേക്കോ ചിലപ്പോൾ കൂടുതൽ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കൂ – അഭിലാഷ് പറയുന്നു.