പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയം: ഉമ്മൻചാണ്ടി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി സുപ്രീംകോടതി കേട്ടപ്പോള്‍ ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നു. അതിനേറ്റ കനത്ത പ്രഹരമാണ് വിധി. കോടികള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ ശ്രമിച്ചത്.

ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം. പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പങ്ക് ഉള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. സുപ്രീംകോടതിയുട പരിഗണനയിലുള്ള മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും സമാനമായ വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പെരിയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ശിപാര്‍ശ ചെയ്യണം. അഞ്ച് രാഷ്രട്രീയ കൊലക്കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.