മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. നിലവിൽ മൊത്തം വിൽപനയുടെ രണ്ടു മുതൽ നാലു വരെ വിൽപ്പന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു.
കൊറോണ വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു.
സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് വ്യക്തമാക്കുന്നു.