കെഎസ്എഫ്ഇ റെയ്ഡ് വിജിലന്‍സ് പരിശോധന റിപ്പോര്‍ട്ട് വൈകും

തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിവാദമായതോടെ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ് വിജിലന്‍സ് വിശദീകരണം.

കെഎസ്എഫ്ഇ റെയ്ഡില്‍ 35 ബ്രാഞ്ചുകളില്‍ ഗുരുതരക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ബിനാമി ഇടപാടുകള്‍ മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ക്രമക്കേടുകള്‍ വരെ ബോധ്യപ്പെട്ടെന്നായിരുന്നു വിജിലന്‍സ് വിശദീകരണം. റെയ്ഡുകള്‍ നടന്നാല്‍ പരിശോധന പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയാണ് പതിവ്.

27 ന് നടന്ന കെഎസ്എഫ്ഇ റെയ്ഡില്‍ ഇതുവരെ യാതൊരു തുടര്‍നടപടിക്രമവും ഉണ്ടായിട്ടില്ല. റെയ്ഡ് വിവാദമായതോടെ ഗുരുതര കണ്ടെത്തലുകളെ കുറിച്ച് സര്‍ക്കാരിന് കൈമാറുന്ന റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ഇതില്‍ വ്യക്തത വരേണ്ടതിനാലാണ് റിപ്പോര്‍ട്ട് കൈമാറാന്‍ കാലതാമസമെടുക്കുന്നതെന്നാണ് സൂചന.

ഡയറക്ടര്‍ സുധേഷ് കുമാര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ് വിജിലന്‍സ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം. എന്നാല്‍ റെയ്ഡ് നടത്തിയ ഒരു യൂണിറ്റില്‍ നിന്ന് പോലും പരിശോധനയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്തേക്ക് കൈമാറിയിട്ടില്ലെന്നതാണ് വസ്തുത. വ്യാഴാഴ്ച ഡയറക്ടര്‍ തിരിച്ചെത്തിയ ശേഷം ആശയക്കുഴപ്പം ഒഴിവാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനാണ് നീക്കം.