തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് നീക്കം.
നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി ശ്രമിക്കുന്നത്.
ഇതിനിടെ എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഏഴുദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയതിൽ കൂടുതൽ ഉന്നത വ്യക്തികൾക്ക് പങ്കുണ്ടന്ന് സ്വപ്ന സുരേഷ് കസ്റ്റസിന് മൊഴി നൽകി. ഉന്നതരായ വ്യക്തികളുടെ പേരുകൾ മൊഴിയിലുണ്ടെന്നും ഇവർക്ക് ഡോളർ കടത്തിൽ പങ്കാളിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കസ്റ്റംസ് മുദ്രവെച്ച കവറിൽ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് പ്രത്യേക കോടതിയും നിരീക്ഷിച്ചു.