തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ‘ബുറെവി’ ചുഴലിക്കാറ്റ് രൂപം കൊണ്ടു. ‘ബുറെവി’ ഡിസംബർ 4-ന് പുലർച്ചെ കന്യാകുമാരിക്കും പാമ്പൻ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
കഴിഞ്ഞമാസം 25-ന് കാരയ്ക്കൽ പുതുച്ചേരി തീരപ്രദേശത്തിനിടെ തീരംതൊട്ട നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് മറ്റൊരു ചുഴലിക്കാറ്റിന്‍റെ വരവിനായി ഇന്ത്യൻ തീരം തയ്യാറെടുക്കുന്നത്.
ബുറെവി എന്ന ഈ ചുഴലിക്കാറ്റിന്‍റെ നിലവിലുള്ള വേഗം ഏതാണ്ട് മണിക്കൂറിൽ 80 കിലോമീറ്ററോളമാണ്. ഈ ചുഴലിക്കാറ്റിന്‍റെ ഗതി ഇപ്പോഴും പൂർണമായും പ്രവചിക്കാനാവുന്നതല്ല.
വരുന്ന ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ശ്രീലങ്കൻ തീരപ്രദേശമായ ട്രിൻകോമാലീയിലൂടെ സഞ്ചരിച്ച്, ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 2020-ൽ മാത്രം ഇതുവരെ ഇന്ത്യൻ തീരത്തിലൂടെ കടന്ന് പോയത് മൂന്ന് ചുഴലിക്കാറ്റുകളാണ്.
മെയ് മാസത്തിൽ ആദ്യമെത്തിയത് സൂപ്പർ സൈക്ലോൺ ഗണത്തിൽപ്പെടുത്താവുന്ന ഉംപുണാണ്. അതിന് ശേഷം തീവ്രചുഴലിക്കാറ്റെന്ന ഗണത്തിൽപ്പെടുത്താവുന്ന നിസർഗ ജൂൺ മാസത്തിൽ ഇന്ത്യൻ തീരത്തിലൂടെ കടന്നുപോയി. ബുറെവി ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കുന്ന നാലാം ചുഴലിക്കാറ്റാണ്.