ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡെൽഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ചൊവ്വാഴ്ച നാവികസേനയുടെ ഐഎന്‍എസ് രണ്‍വിജയ് എന്ന പടക്കപ്പലില്‍നിന്നാണ് മിസൈല്‍ തൊടുത്തത്. ബംഗാള്‍ ഉള്‍ക്കടലിലെ കാര്‍ നിക്കോബാര്‍ ദ്വീപിനു സമീപത്തുണ്ടായിരുന്ന കപ്പലിനെ മിസൈല്‍ കൃത്യമായി തകര്‍ത്തു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നത്.

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം നാവിക സേനയാണ് വീണ്ടും നടത്തിയത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍.

ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യൻ പരീക്ഷണം. കഴിഞ്ഞദിവസം മിസൈലിന്റെ ഭൂതല പതിപ്പ് വിജകരമായി പരീക്ഷിച്ചിരുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ തന്നെയായിരുന്നു പരീക്ഷണം. 400 കിലോമീറ്റര്‍ ആയിരുന്നു ദൂരപരിധി. ലോകത്തെ ഏറ്റവും വേഗതയാര്‍ന്ന മിസൈലായാണ് ബ്രഹ്മോസിനെ കണക്കാക്കുന്നത്.