കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണത്തിന് പിന്നിൽ കെബി. ഗണേഷ് കുമാർ എം.എൽ.എയാണെന്ന കേരള കോൺഗ്രസ് (ബി) മുൻ നേതാവും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്‌ഥാന പൊലീസ് മേധാവിക്കും പരാതി. മാധ്യമപ്രവർത്തകനായ ജിബി സദാശിവനാണ് പരാതി നൽകിയത്.
ബാർക്കോഴ കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ടതു പോലെ മനോജിന്റെ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ആയിരിക്കെയാണ് ഉമ്മൻചാണ്ടിക്കെതിരെ ഇത്തരം ഹീനമായ നടപടിക്ക് ഗണേഷ്‌കുമാർ എംഎൽഎ ഗൂഢാലോചന നടത്തിയതെന്നത് ഗൗരവതരമാണെന്നും അന്നത്തെ സർക്കാരിനെ അട്ടിമറിക്കാൻ ഗണേഷ്‌കുമാർ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഗൂഢാലോചനയിൽ സിപിഎം നേതാവ് സജി ചെറിയാനും പങ്കുണ്ടെന്ന ആരോപണവും അന്വേഷിക്കണം.
കരുതലും കാരുണ്യവും നിറഞ്ഞ ജനക്ഷേമകരമായ ഭരണം നടത്തി വരവെയാണ് ഉമ്മൻചാണ്ടിക്കതിരെ ആരോപണങ്ങൾ ഉയരുന്നതും സർക്കാരിന്റെ പ്രവർത്തനങ്ങൾ തന്നെ തടസപ്പെടുത്തുന്ന തരത്തിൽ സമരങ്ങൾ ഉണ്ടാകുന്നതും. ഒട്ടേറെ പദ്ധതികൾ തടസപ്പെട്ടു.
ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങൾ പോലും സതംഭിപ്പിക്കപ്പെട്ടു. ഇതിനെല്ലാം പുറമെ മന്ത്രിസഭാ അട്ടിമറിക്കാനും സംസ്‌ഥാന മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയും നടന്നു. സോളാർ കമ്മീഷന്റെ ചെലവിനത്തിൽ ലക്ഷങ്ങളുടെ നഷ്ടവും പൊതു ഖജനാവിനുണ്ടായി. സർക്കാരിനെ അട്ടിമറിക്കാൻ ഒരു എം.എൽ.എ തന്നെ ഗൂഢാലോചന നടത്തുകയും സംസ്‌ഥാന മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നത് അതീവ ഗൗരവമുള്ളതാണെന്നും പരാതിയിൽ പറയുന്നു.
ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎ, സോളാർ കേസിലെ പരാതിക്കാരി, സിപിഎം നേതാവ് സജി ചെറിയാൻ എന്നിവർക്കെതിരെ അടിയന്തിരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരിക്ക് തിരുവനന്തപുരത്ത് വീടെടുത്ത് താമസിപ്പിച്ച് ഗൂഢാലോചന നടത്തിയവരെ കുറിച്ച് അന്വേഷിക്കണമെന്നും ജിബി സദാശിവൻ പരാതിയിൽ ആവശ്യപ്പെടുന്നു.
ഉമ്മൻചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനയെ കുറിച്ചും കോടതിയെയും ജനങ്ങളെയും മാധ്യമങ്ങളെയും അന്വേഷണ സംഘത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ ആരോപണങ്ങളും വ്യാജ പരാതികളും ഉന്നയിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരാതിയിൽ പറയുന്നു.