വരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസി സന്ദര്‍ശനത്തോടനുബന്ധിച്ച് ദുരിതമനുഭവിക്കുന്നത് ചേരി പ്രദേശവാസികള്‍. ഇന്നത്തെ മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുജാബാദ് മേഖലയിലെ ചേരി ഒഴിപ്പിച്ചു. 60 കുടുംബങ്ങളിലെ 250 പേരാണ് പെരുവഴിയിലായത്.
ഇവരുടെ കുടിലുകള്‍ പൊളിച്ചുമാറ്റുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇതേ ചേരി അധികൃതര്‍ ഒഴിപ്പിച്ചത്. ഈ ചേരിയില്‍ താമസിക്കുന്ന ഭൂരിപക്ഷം പേരും ദലിതരാണ്. മുള ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിറ്റാണ് ഇവര്‍ ഉപജീവന മാര്‍ഗം നടത്തി വരുന്നത്.
കുടിലുകള്‍ തകര്‍ക്കപ്പെട്ടതോടെ തുറസ്സായ സ്ഥലത്താണ് ഇവര്‍ കഴിയുന്നത്. കഠിനമായ തണുപ്പിനെ പ്രതിരോധിക്കാനാവാതെ കഷ്ടപ്പെടുന്നു. ചിലര്‍ സമീപ ഗ്രാമങ്ങളിലേക്കും ക്ഷേത്രങ്ങളിലുമൊക്കെ അഭയം കണ്ടെത്തി. പ്രദേശത്തെ രാഷ്ട്രീയ നേതാക്കളൊന്നും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് ചേരിനിവാസികള്‍ പറഞ്ഞു.
വോട്ട് ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അവര്‍ വരുന്നത്. പൊലീസാകട്ടെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നു. പ്രധാനമന്ത്രിക്ക് സഞ്ചാര മാര്‍ഗം ഒരുക്കാനാണ് ചേരിനിവാസികളെ ഒഴിപ്പിക്കുന്നതെങ്കില്‍ പുനരധിവാസം ഒരുക്കാനും അധികൃതര്‍ തയ്യാറാകണമെന്ന് സന്നദ്ധ പ്രവര്‍ത്തകനായ സൌരഭ് സിംഗ് ആവശ്യപ്പെടുന്നു. ജില്ലാഭരണകൂടത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ കത്തെഴുതിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സൌരഭ് സിംഗ് പറഞ്ഞു.