ഇസ്രായേൽ കമ്പനിയിൽ നിന്ന് തോക്ക് വാങ്ങാൻ നിയന്ത്രണമില്ല; ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യ

ന്യൂഡെൽഹി: ആത്മനിർഭർ ഭാരത് പ്രകാരം പ്രതിരോധ ആവശ്യത്തിനായുള്ള വലിയ തോക്കുകൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം നീക്കി. ഇസ്രയേൽ കമ്പനിയുമായി 1580 തോക്കുകൾക്ക് കരാർ ഒപ്പിടുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ് ഒൻപതിനാണ് പ്രതിരോധ മന്ത്രാലയം ഈ തീരുമാനം എടുത്തത്.

ഡിസംബർ മുതൽ തോക്ക് ഇറക്കുമതി വേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ 12 ദിവസം കഴിഞ്ഞപ്പോൾ തീരുമാനം മാറ്റി. ഇസ്രയേൽ കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായാണ് തോക്കുകൾക്ക് കരാർ ഒപ്പിടുന്നത്. പ്രതിരോധ മന്ത്രാലയം നിയോഗിച്ച സമിതി എൽബിറ്റ് സിസ്റ്റംസിൽ നിന്ന് 400 വലിയ തോക്കുകൾ ഇറക്കുമതി ചെയ്യാനും 1180 ഇന്ത്യയിൽ നിർമ്മിക്കാനും വേണ്ടിയുള്ള ആലോചനക്ക് അനുകൂലമായി നിലപാടെടുത്തിരുന്നു.

തദ്ദേശീയമായി ആർടിലറി തോക്കുകൾ നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തെ ഇന്ത്യയിലെ പൊതുമേഖലാ ആയുധ നിർമ്മാണ കമ്പനികളടക്കം വളരെ പ്രതീക്ഷയോടെ സ്വാഗതം ചെയ്തിരുന്നു. ഇസ്രയേൽ കമ്പനിയുടെ തോക്കുകൾക്ക് സമാനമായവ ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുന്നുണ്ട്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ അഡ്വാൻസ്ഡ് ടവ്ഡ് ആർടിലെറി ഗൺ സിസ്റ്റം ഒരെണ്ണത്തിന് വില 15 കോടിയാണ്. 1580 തോക്കുകൾക്ക് 23,700 കോടി രൂപ വില വരും. 155 എംഎം തോക്കുകളും 52 കാലിബർ ടവ്ഡ് ആർടിലെറി തോക്കുകൾക്കും ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കൂടി ഇറക്കുമതി ഇളവ് അനുവദിച്ചിട്ടുണ്ട്.