ന്യൂഡെൽഹി: കേന്ദ്ര സർക്കാരിൻ്റെ ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് വ്യക്തമാക്കി സെൽഹിയിലെ കർഷക പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്. കർഷക അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി വന്നാൽ ജീവത്യാഗം ചെയ്യാൻ തയ്യാറാണെന്ന നിലപാടിലാണ് കർഷകർ. കാര്‍ഷിക നിയമത്തിൽ പിന്നോട്ടില്ലെന്ന് മങ്കീ ബാത്തിൽ പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും കേന്ദ്ര സർക്കാർ അക്ഷരാർഥത്തിൽ കടുത്ത സമ്മർദ്ദത്തിലാണ്.
കർഷകരുമായി ചർച്ചയ്ക്ക് ഉപാധികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാവെട്ടിലായി. ഉപാധികളില്ലാതെ അമിത് ഷാ നേരിട്ടെത്തിയാൽ ചർച്ചയാകാമെന്നും നിയമം പിൻവലിക്കാതെ ചർച്ച അവസാനിപ്പിക്കില്ലെന്നുമുള്ള കർശന നിലപാടിലാണ് കർഷകർ. ഇതെ തുടർന്ന്
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. അമിത് ഷാ, നരേന്ദ്ര സിങ്ങ് തോമർ, രാജ്നാഥ് സിങ്ങ് എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
കൂടുതൽ കർഷകരെ ഡെൽഹിയിൽ എത്തിക്കാനും സംസ്ഥാനങ്ങളിൽ സമരം ശക്തമാക്കാനുമാണ് കർഷക സംഘടനകളുടെ തീരുമാനം. കൊറോണ വ്യാപനത്തിനിടയിൽ നടക്കുന്ന സമരം സർക്കാരുകൾക്ക് വലിയ ഭീഷണിയാണ്. കടുത്ത ശൈത്യം അവഗണിച്ചാണ് കർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത്. ചെറിയ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ വലിയ പൊട്ടിതെറിക്ക് കാരണമാകുമെന്നതിനാൽ സർക്കാരിന് നെഞ്ചിടിപ്പ് കൂടി .
ഡെൽഹി അതിർത്തികളിൽ നിന്ന് വടക്കൻ ഡെൽഹിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശം കർഷകർ തള്ളിയിരുന്നു. ബുറാഡിയിലെ തുറന്ന ജയിലിലേക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഡെൽഹിയുടെ അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ തരുന്നത്.
കർഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നായിരുന്നു കർഷക സംഘടനകൾ ആവശ്യപ്പെട്ടത്. കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു. താങ്ങുവില ഇല്ലാതാക്കിയിട്ടില്ലെന്നും നല്ല അന്തരീക്ഷമുണ്ടെങ്കിൽ കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും നേരത്തേ പറഞ്ഞിരുന്നു.
കർഷകരുമായി ആലോചിച്ച് കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കർഷകർക്ക് നിയമം മൂലം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.