ന്യൂഡെൽഹി: തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും നിർണായക പോരാട്ടത്തിനാണ് ഡൽഹിയിലെത്തിയതെന്നും കർഷക നേതാക്കൾ. ഡെൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടയുമെന്ന് ഭീഷണി മുഴക്കി ആയിരക്കണക്കിന് കർഷകരാണ് അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് മാറിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം കർഷകർ തള്ളിയിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രക്ഷേപം തുടരുമെന്ന് കർഷക നേതാവ് ഗുർണം സിങ് വ്യക്തമാക്കി. പ്രക്ഷോഭം അടിച്ചമർത്താൻ 31 കേസുകൾ പൊലീസ് കർഷകർക്കെതിരേ രജിസ്റ്റർ ചെയ്തു. നിർണായകമായ ഒരു പോരാട്ടത്തിനാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.നിബന്ധകളോടെ ചർച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം നിരസിക്കുന്നതായും സിംഘു അതിർത്തിയിൽ പ്രക്ഷോപം തുടരുന്ന ഭാരതി കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി ജഗമോഹൻ സിങ് വ്യക്തമാക്കി.
ബുറാഡി പാർക്ക് തുറന്ന ജയിലാക്കാനാണ് കേന്ദ്ര നീക്കമെന്നും കർഷ നേതാക്കൾ ആരോപിച്ചിരുന്നു. നിബന്ധനകൾ മുന്നോട്ടുവച്ചുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് കർഷകരുടെ നിലപാട്.
അതേസമയം ഡെൽഹി നഗരത്തിലേക്കു സമരം മാറ്റാനുള്ള നീക്കം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. എല്ലാ കർഷക സംഘടനകളോടും ഡെൽഹിയിലേക്കെത്താനും സമരത്തിൽ പങ്കെടുക്കാനും സമിതി ആഹ്വാനം ചെയ്തു.
കർഷക സമരം ബുറാഡിയെ നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റിയാൽ ചർച്ചയ്ക്കു തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം കർഷകർ തള്ളി. ചർച്ച വേണമെങ്കിൽ പുതിയ 3 കർഷക നിയമങ്ങളും ഉപാധികളില്ലാതെ പിൻവലിക്കണം. അവയുടെ ഗുണങ്ങളെക്കുറിച്ചു വിശദീകരിക്കാനുളള ചർച്ച വേണ്ടെന്നു കർഷകർ വ്യക്തമാക്കി.
തലസ്ഥാനത്തേക്കുള്ള 6 അതിർത്തികളിലേക്കും കർഷകരെത്തുന്നുണ്ട്. ഇവർക്കെതിരെ ഹരിയാന പൊലീസും ഡൽഹി പൊലീസും ഒട്ടേറെ കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 12,000 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതായി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു.