ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബ്രഹ്മപുത്ര നദിയില്‍ കൂറ്റന്‍ ഡാം നിര്‍മ്മിക്കാൻ ചൈന ; ലക്ഷ്യം ഇന്ത്യയെ വിരട്ടൽ

ബീജിങ്: ഇന്ത്യയെ പ്രകോപിപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ചൈന. രാജ്യത്തിന്റെ അതിര്‍ത്തി വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളെ സൈന്യം ചെറുത്തു തോല്‍പ്പിച്ചതോടെ അടുത്ത പദ്ധതിയുമായി ചൈന മുന്നോട്ട്. ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ പ്രധാന ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാനൊരുങ്ങുകയാണ് ചൈന.

അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനിരിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. പദ്ധതി വഴി ചൈനയുടെ ജലവൈദ്യുതിയും ആഭ്യന്തര സുരക്ഷയും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ചൈനയുടെ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യാന്‍ സിയാങ് പറഞ്ഞു.

അതേസമയം, ഇന്ത്യയിലേക്കുള്ള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ ലക്ഷ്യം. അരുണാചല്‍ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിര്‍മ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്. തുടര്‍ന്ന് ഇന്ത്യ, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.

ഈ പദ്ധതി ചരിത്രത്തിലെ തന്നെ ഒരു ഏടായി മാറുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍. ഇത് ചൈനീസ് ജലവൈദ്യുത വ്യവസായത്തിന് ചരിത്രപരമായ അവസരമാകുമെന്നും അധികൃതര്‍ പറയുന്നു. അടുത്ത വര്‍ഷം ആദ്യം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകരിച്ചതിനുശേഷം ഔദ്യോഗിമായി പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രഹ്മപുത്രയില്‍ അണക്കെട്ട് വരുന്നത് ഇന്ത്യയിലും ബംഗ്ലാദേശിലും മറ്റ് സംസ്ഥാനങ്ങളിലും ആശങ്കയുണ്ടാക്കുന്നതാണ്. പല രീതിയില്‍ ഇത് ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനീസ് അധികരികളെ നിരന്തരം ആശങ്കകള്‍ അറിയിച്ചിരുന്നു. 2015ല്‍ ടിബറ്റില്‍ ഏറ്റവും വലിയ 1.5 ബില്യണ്‍ ഡോളര്‍ വരുന്ന സാം ജലവൈദ്യുത നിലയം ചൈന ഇതിനകം പ്രവര്‍ത്തനക്ഷമമാക്കി.

പരിസ്ഥിതി, ദേശീയ സുരക്ഷ, ജീവിത നിലവാരം, ഊര്‍ജ്ജം, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്ക് വെല്ലുവിളിയാകും പുതിയ പദ്ധതി.