ഭീകരവാദം തടയാൻ മാലിദ്വീപും ശ്രീലങ്കയുമായി രഹസ്യാന്വേഷണ സഹകരണം വിപുലമാക്കി ഇന്ത്യ

ന്യൂഡെൽഹി: ഭീകരവാദം, ആയുധക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള രഹസ്യാന്വേഷണ മേഖലാ സഹകരണം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന നാലാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ത്രിതല ഉന്നത യോഗത്തിലാണ് മൂന്നു രാജ്യങ്ങളും ചേർന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ മേഖലകളിലും ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ രഹസ്യാന്വേഷണ സഹകരണം ഉറപ്പാക്കും. വർഷത്തിൽ രണ്ടു തവണ മൂന്നു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ കൂടിക്കാഴ്ച്ച നടത്തുക, എന്നീ കാര്യങ്ങൾ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

ഓപ്പറേഷണൽ ലെവലിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മാലദ്വീപിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി മരിയ ദീദിയും ശ്രീലങ്കയ്ക്കു വേണ്ടി പ്രതിരോധ സെക്രട്ടറി മേജർ ജനറൽ ( റിട്ടയേഡ്) കമൽ ഗുണരത്നെയുമാണ് യോഗത്തിൽ പങ്കെടുത്തത്.

മൂന്ന് രാജ്യങ്ങളുടേയും ആദ്യത്തെ ത്രിതല ഉന്നത യോഗം നടന്നത് 2011-ലാണ്. അതിനു ശേഷം 2013-ലും 2014-ലും ഡെൽഹിയിൽ വെച്ച് യോഗം സംഘടിപ്പിച്ചിരുന്നു.