ചെന്നൈ: കോവിഷീൽഡ് വാക്സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്ന ആവശ്യവുമായി വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ചെന്നൈ സ്വദേശി രംഗത്തെത്തിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക എന്നിവ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. കൊറോണ വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം.
ചെന്നൈ സ്വദേശിയുടെ ആരോപണത്തെപ്പറ്റി തിടുക്കപ്പെട്ട് ഒരു നിഗമനത്തിൽ എത്തുന്നതും അന്വേഷണം നടത്തുന്നതും ശരിയാവില്ലെന്ന് ഐസിഎംആറിന്റെ എപ്പിഡമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് (ഇസിഡി) ഡിവിഷൻ തലവൻ സമീരൻ പാണ്ഡ വാർത്താ ഏജൻസിയോട് പറഞ്ഞു. പരീക്ഷണ ഘട്ടത്തിലുള്ള കൊറോണ വാക്സിൻ ഏതെങ്കിലും തരത്തിലുള്ള വിപരീത ഫലമുണ്ടാക്കിയോ എന്നതിനെപ്പറ്റി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. അമേരിക്കയിലുള്ള ഒരു വോളന്റിയർക്ക് നട്ടെല്ല് സംബന്ധമായ ചില പ്രശ്നങ്ങളുടെ സൂചന ശ്രദ്ധയിൽപ്പെട്ടതോടെ പരീക്ഷണം താത്കാലികമായി നിർത്തിവെക്കാൻ ആസ്ട്ര സെനിക്ക തീരുമാനിച്ചതോടെ ആയിരുന്നു ഇത്. എന്നാൽ പരീക്ഷണം തുടരാനുള്ള അനുമതി സെപ്റ്റംബർ 15 ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ആരോപണവുമായി ചെന്നൈ സ്വദേശി രംഗത്തെത്തിയത്.
കൊറോണ വാക്സിൻ എടുത്തതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരീക്ഷണത്തിൽ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റ് പറയുന്നത്. ഈ സാഹചര്യത്തിൽ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിന് കൊറോണ വാക്സിനെടുത്ത യുവാവാണ് പരാതിക്കാരൻ.
യുവാവിന് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിട്ടത് പരീക്ഷണ ഘട്ടത്തിലുള്ള കൊറോണ വാക്സിൻ എടുത്തതിന്റെ ഫലമായാണോ എന്നകാര്യം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയും പരിശോധിച്ചു വരികയാണ്. പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയറുടെ നിർദ്ദേശ പ്രകാരം ഐസിഎംആർ ഡയറക്ടർ ജനറൽ, ഡിജിസിഐ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്.
ആസ്ട്രസെനക്ക സിഇഒ, പ്രൊഫസർ ആൻഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ശ്രീ രാമചന്ദ്രാ ഹയർ എഡ്യൂട്ടേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാൻസ്ലർ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
നിലവിൽ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് പരീക്ഷണത്തിൽ പങ്കാളിയായ ചെന്നൈ സ്വദേശി പറയുന്നത്. ദീർഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. ആരോഗ്യത്തെക്കുറിച്ചും അനിശ്ചിതമായ ഭാവിയെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോൾ കഴിയുന്നത്. അതിനാൽ വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നൽകണമെന്നാണ് ആവശ്യം.