ചെന്നൈ: കൊറോണ വാക്സിൻ പരീക്ഷണം കുത്തിവയ്പ്പ് എടുത്തതിന് ശേഷം നാഡീസംബന്ധിയായും മറ്റും ശാരീരിക പ്രയാസങ്ങൾ നേരിടുന്നുവെന്ന് ആരോപിച്ച് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്ത്. പൂനെ ആസ്ഥാനമാക്കിയുള്ള സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ പരീക്ഷണം സംഘടിപ്പിച്ചത്.
ചെന്നൈ നിവാസിയും 40 വയസുകാരനുമായ ബിസിനസ് കൺസൾട്ടൻറാണ് ഒക്സ്ഫോഡ് -അസ്ട്ര സനേക വാക്സിൻ പരീക്ഷണം ഡോസ് എടുക്കാൻ സന്നദ്ധനായത്. നവംബർ 21നാണ് നോട്ടീസ് അയച്ചത് എന്ന് നോട്ടീസ് അയച്ച വ്യക്തിക്ക് നിയമ സഹായം നൽകുന്ന സ്ഥാപനം വ്യക്തമാക്കി.
കക്ഷിക്ക് ഇപ്പോൾ സംഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും, ഭാവിയിൽ അയാൾ അനുഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകൾക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാകണമെന്ന് നിയമ സ്ഥാപനം പറയുന്നു. നോട്ടീസ് ലഭ്യമായി രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം വരണമെന്നാണ് നോട്ടീസിൽ പറയുന്നത്.
വാക്സിൻ എടുത്ത ശേഷം ശരീരിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഐസിഎംആർ ഡയറക്ടർ ജനറൽ, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻറേർഡ് കൺട്രോൾ ഓർഗനൈസേഷൻ, അസ്ട്ര സനേക സിഇഒ, ഓക്സ്ഫോർഡ് വാക്സിൻ ട്രയൽ ഇൻവസ്റ്റിഗേറ്റർ എന്നിങ്ങനെ വിവിധ കക്ഷികൾക്ക് ലീഗൽ നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനൊപ്പം വാക്സിൻ്റെ ടെസ്റ്റിംഗും, നിർമ്മാണവും വിതരണവും നിർത്തിവയ്ക്കാനും നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്. മറ്റു വഴികൾ ഇല്ലാത്തതിനാലാണ് കക്ഷി നിയമനടപടിയിലേക്ക് നീങ്ങിയതെന്നും. ഇതിൻ്റെ ചിലവും ബന്ധപ്പെട്ട കക്ഷികൾ വഹിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
കഴിഞ്ഞ ഒക്ടോബർ 1നാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷനിൽ വച്ച് പരാതിക്കാരൻ വാക്സിൻ സ്വീകരിച്ചത്. സംഭവത്തിൽ പ്രഥമിക അന്വേഷണം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.