ന്യൂഡെൽഹി: കർഷകർക്കു നേരെയുള്ള പൊലീസിന്റെ ജലപീരങ്കി പ്രയോഗം തടഞ്ഞ യുവാവ് നവ്‌ദീപിന് എതിരെ വധശ്രമത്തിന് കേസ്. കർഷക നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ‘ ഡെൽഹി ചലോ’ പ്രതിഷേധം ഹരിയാനയിലെ അംബാലയിൽ പൊലീസ് തടഞ്ഞപ്പോൾ ജലപീരങ്കി വാഹനത്തിനു മേൽ കയറി വെള്ളം പമ്പു ചെയ്യുന്നത് ഓഫാക്കുകയായിരുന്നു വിദ്യാർഥി.
അംബാലയിലെ ജയ് സിങ് എന്ന കർഷകന്റെ മകനായ നവ്‌ദീപ് എന്ന ഇരുപത്തിയാറുകാരനു മേലാണ് വധശ്രമത്തിന് കേസ്. ജീവപര്യന്തം തടവു വരെ കിട്ടാവുന്ന കുറ്റത്തിനു പുറമേ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടി മറ്റൊരു കേസും റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കർഷകരുടെ രക്ഷകനായി പ്രചാരം നേടിയ വിദ്യാർഥിയാണ് നവ്ദീപ്.
പ്രതിഷേധത്തിനിടെ കർഷകർക്കു മേൽ വെള്ളം പമ്പ് ചെയ്ത പൈപ്പ് ഓഫാക്കുന്നതിനായി ജലപീരങ്കി വാഹനത്തിനു മേൽ ചാടിക്കയറുന്ന നവ്ദീപിന്റെ വിഡിയോ വൈറലായിരുന്നു.
വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയ ശേഷമാണ് നവ്ദീപ് വാഹനത്തിന്റെ മുകളിൽനിന്ന് ഇറങ്ങിയത്. ‘പഠനം പൂർത്തിയായതിനു ശേഷമാണ് ഞാൻ കർഷക നേതാവ് കൂടിയായ അച്ഛനൊപ്പം കൃഷിയിലേക്ക് ഇറങ്ങിയത്. ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകരുടെ സമർപ്പണത്തിൽനിന്ന് ലഭിച്ച് ധൈര്യമാണ് എന്നെക്കൊണ്ട് വാഹനത്തിനു മുകളിൽ കയറി ടാപ് ഓഫ് ചെയ്യാൻ പ്രേരിപ്പിച്ചത്, നവ്ദീപ് പറഞ്ഞു