മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സുരക്ഷ വർധിപ്പിച്ചു ; ക്ലിഫ്ഹൗസ് കാണാനാവാത്ത വിധം മതിലിൻ്റെ ഉയരം കൂട്ടണമെന്ന് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടറിയേറ്റിനു പിന്നാലെ സുരക്ഷ വർധിപ്പിച്ചു. പുറത്തു നിന്നുള്ളവർക്ക് ക്ലിഫ്ഹൗസ് കാണാൻ കഴിയാത്തവിധം ചുറ്റുമതിലിൻ്റെ ഉയരം വർധിപ്പിക്കണമെന്നാണ് പൊലീസിന്റെ ശുപാർശ. ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോർഡ് ജംക്ഷനിൽനിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ.

മതിലിന്റെ ഉയരം വർധിപ്പിക്കുന്നതിനു പുറമെ മുകളിൽ മുള്ളുവേലി കൂടി സ്ഥാപിക്കാൻ പൊലീസ് പറയുന്നു. നിലവിൽ പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ ക്ലിഫ് ഹൗസ് കാണാൻ കഴിയും. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ നീക്കം.യൂത്ത് കോൺഗ്രസ് പ്രതിഷേധം പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കാനുള്ള നീക്കം.

ക്ലിഫ്ഹൗസിനകത്തേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റും. ഈ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.