തൃശ്ശൂർ: കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തിൽ പ്രിൻസിപ്പലായിരുന്ന പ്രൊഫ. ജയദേവൻ്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. പകരം ചുമതല പ്രൊഫ. ബിന്ദുവിനാണ് നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് പ്രൊഫസർ ബിന്ദു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിന്ദുവിനെ പ്രിൻസിപ്പാലാക്കാൻ നീക്കം തുടങ്ങിയതായാണ് സൂചന.
ഇക്കാര്യത്തിൽ സീനിയോറിറ്റിയെക്കാൾ സെലക്ഷൻ കമ്മിറ്റി തീരുമാനമാണ് പ്രധാനമെന്നതിനാൽ തീരുമാനം വേഗത്തിലാക്കാൻ തടസ്സമുണ്ടാകില്ലെന്നാണ് വിവരം. പ്രൊഫസർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിഞ്ഞത്.
പ്രിൻസിപ്പലിൻ്റെ അധികാരം മാനേജ്മെൻ്റ് വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയിരുന്നു. കേരളവർമ്മയിൽ ആദ്യമായിട്ടായിരുന്നു വൈസ് പ്രിൻസിപ്പൽ നിയമനം. സംഭവം വിവാദമായതോടെ മാനേജ്മെൻ്റും ബിന്ദുവും വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.
ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിയുന്നത്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചതെന്നും
രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും ദേവസ്വം ബോർഡിനയച്ച കത്തിൽ ജയദേവൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പാളിൻ്റെ നിയമനമെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം. ഇതെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ പ്രൊഫ. ജയദേവൻ തയ്യാറാട്ടില്ല. ജയദേവൻ സ്ഥാനമൊഴിഞ്ഞതും പ്രതികരിക്കാത്തതും നേട്ടമായി കണക്കാക്കുകയാണ് ബന്ധപ്പെട്ടവർ.