കിഫ്ബിപദ്ധതി ന്യായീകരിച്ച് അതിവേഗ റിപ്പോർട്ട് ; ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിടം സുദൃഢവും പൂർണ സുരക്ഷിതവും; വാപ്കോസിന്റെ ഇടക്കാല റിപ്പോർട്ട്

തിരുവനന്തപുരം: കിഫ്ബി ധനസഹായത്തോടെ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ സ്കൂളിലെ നിര്‍മാണത്തില്‍ കെട്ടിടത്തിന്റെ കോൺക്രീറ്റ് നിർമിതികൾ ഉൾപ്പടെയുള്ള ഘടന സുദൃഢവും പൂര്‍ണ സുരക്ഷിതവുമാണെന്നും അതിവേഗ ഇടക്കാല റിപ്പോർട്ട് . കിഫ്ബി ധനസഹായത്തോടെ മൂന്നു കോടിരൂപയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ പദ്ധതിയില്‍പ്പെട്ട തൃശൂര്‍ ജില്ലയിലെ ജിഎച്ച്എസ് എസ് ചെമ്പൂച്ചിറയിലെ നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയിന്‍മേലാണ് ഇടക്കാല റിപ്പോർട്ട് വന്നത്. നിർമാണത്തിലെ അപാകതകൾ വിവാദമായതോടെ വിഷയം പെട്ടെന്ന് അവസാനിപ്പിക്കാനാണ് പോരായ്മകളില്ലെന്ന റിപ്പോർട്ടെന്ന് ആക്ഷേപമുയർന്നുകഴിഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമായ വാപ്കോസാണ് കൈറ്റിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വാപ്കോസിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ് പരിശോധന നടത്തിയത്.

സ്കൂളിലെ നിര്‍മാണത്തില്‍ കെട്ടിടത്തിന്റെ കോൺക്രീറ്റ് നിർമിതികൾ ഉൾപ്പടെയുള്ളവ റീബൗണ്ട് ഹാമര്‍ ടെസ്റ്റുള്‍പ്പെടെ അന്വേഷണ സംഘം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നാണ് വിശദീകരണം. ടോയ്‍ലെറ്റ് ബ്ലോക്ക്, സ്റ്റെയര്‍ റൂം എന്നിവിടങ്ങളിലെ പ്ലാസ്റ്ററിംഗില്‍ പോരായ്മകളുണ്ടെന്നും ഇവർ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് കരാറുകാരന്‍ നടത്തിയ പ്ലാസ്റ്ററിംഗ് പ്രവര്‍ത്തനങ്ങളില്‍ തകരാറു കണ്ടെത്തിയ ഉടനെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഈ ഭാഗത്തെ പേമെന്റിനായി അളവെടുക്കുകയോ ബില്ലുകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വിശദീകരണക്കുറിപ്പ് പറയുന്നു.

പ്ലാസ്റ്ററിംഗിലെ സാംപിളുകള്‍ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനും നിദേശിച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.