തായ്‌പെ: തായ്‌വാന്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത് ചര്‍ച്ചയാകുന്നു. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. പ്രതിപക്ഷം പന്നിയുടെ കുടല്‍മാലയും മാംസവുമെല്ലാം ഭരണപക്ഷത്തിന് നേരെ വലിച്ചെറിയുകയാണുണ്ടായത്.
പിന്നീട് കയ്യാങ്കളിയിലാണ് അവസാനിച്ചത്. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതിക്ക് ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയത്.
പ്രീമിയര്‍ സു സെങ് ചാങ് സംസാരിക്കുമ്പോള്‍ പ്രധാന പ്രതിപക്ഷമായ കൂമിങ്താങ് പാര്‍ട്ടി അംഗങ്ങള്‍ പന്നിയിറച്ചി എറിയുകയായിരുന്നു. റക്ടോപമൈന്‍ നല്‍കിയ പന്നികളുടെ ഇറച്ചി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
പ്രതിപക്ഷപാര്‍ട്ടിയായ കെഎംടി പന്നിയിറച്ചി ഇറക്കുമതിയെ ശക്തമായി എതിര്‍ക്കുകയാണ്. പ്രീമിയര്‍ സു സെങ് ചാങ് സഭയെ അഭിസംബോധന ചെയ്യുന്നത് സെപ്റ്റംബറിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടിരുന്നു. പിന്നീട് പ്രത്യേക സുരക്ഷ ഒരുക്കിയെങ്കിലും പ്രസംഗം ആരംഭിച്ചതും പ്രതിപക്ഷാംഗങ്ങള്‍ പന്നിമാംസം വാരിയെറിയുകയായിരുന്നു.