കോഴിക്കോട്: ശബരിമലയിൽ പോയതിൽ പശ്ചാത്താപമില്ലെന്ന് ബിന്ദു അമ്മിണി. ശബരിമലയിലേക്ക് പോകാൻ ആഗ്രഹിച്ചതല്ല. ഇനി പോകാൻ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. താൻ സംഘപരിവാർ വേട്ടക്ക് ഇരയാവുകയാണ്. പരാതി നൽകിയിട്ടും പൊലീസ് നടപടിയില്ല. സംഘ പരിവാർ അഴിഞ്ഞാട്ടം കണ്ടപ്പോൾ സ്ത്രീക്കളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് പോയതെന്നും ബിന്ദു പറഞ്ഞു.
വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നൽകിയിട്ടും പൊലീസ് അവഗണിക്കുന്നു. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യഗ്രഹം തുടങ്ങും. ദളിത് അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകുന്നില്ല.
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ മാത്രമാണ് അന്ന് പോയത്. ആ സമയത്ത് അത് അനിവാര്യമായിരുന്നു. അത് തെറ്റായി തോന്നുന്നില്ല. അതിന്റെ പേരിൽ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ദിലീപ് വേണുഗോപാൽ എന്ന ആർഎസ്എസ് പ്രവർത്തകൻ കഴിഞ്ഞ 18 ന് ഫോണിൽ വധഭീഷണി മുഴക്കി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണിയെന്ന് അവർ പറഞ്ഞു.
പൊലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. പരാതി നൽകാൻ എത്തിയാൽ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണ്.കോടതി ഉത്തരവ് പാലിക്കാത്ത കൊയിലാണ്ടി പൊലീസിനെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കും. തന്റെ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ ശനിയാഴ്ച മുതൽ നിരാഹാരസമരം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.