ഗവർണർ ഒപ്പുവച്ചു; ലൗ ജിഹാദിനെതിരെ രാജ്യത്ത് ആദ്യം നിയമവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യുപി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.
യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തിൻ്റെ ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പ​ട്ടേൽ ഒപ്പുവെച്ചു. നിയമം ഇന്നുമുതൽ യു.പിയിൽ ബാധകമാകും.

നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമത്തിൻ്റെ കരടിന്​ യോഗി ആദിത്യനാഥ് സർക്കാർ ചൊവ്വാഴ്​ച അംഗീകാരം നൽകിയിരുന്നു. ലഖ്​നോവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു ഓർഡിനൻസിന്​ അനുമതി നൽകിയത്​.

മധ്യപ്രദേശിനും ഹരിയാനക്കും ശേഷം ലവ്​ ജിഹാദ്​ തടയുന്നതിനായ ഒരു നിയമനിർമാണം നടപ്പാക്കുമെന്ന്​ പ്രഖ്യാപിച്ച മൂന്നാ​മത്തെ സംസ്​ഥാനമാണ്​ യുപി. എന്നാൽ നിയമം പാസാക്കുന്ന ആദ്യ സംസ്​ഥാനമായി യു.പി മാറി.

നിയമവിരുദ്ധമായ മതപരിവര്‍ത്തനം തടയല്‍ നിയമം 2020 അനുസരിച്ച് നിര്‍ബന്ധിതമായോ, നിയമവിരുദ്ധമായോ മതപരിവര്‍ത്തനം നടത്താന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ പ്രതികള്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ 15,000 രൂപ പിഴ അടയ്ക്കുകയും വേണം.

പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം യുവതികളെ മതംമാറ്റരുതെന്നും നിയമം പറയുന്നു. ആരെങ്കിലും വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ട സ്ത്രീകളെയും നിയമവിരുദ്ധമായി മതംമാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് ശിക്ഷ. പിഴ 25,000 രൂപയും.

സമൂഹ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ചുമത്തും.