നാഗാലാൻഡ് പട്ടിയിറച്ചി വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊഹിമ: നാഗാലാൻഡ് പട്ടിയിറച്ചി വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ഗുവഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തു. പട്ടിയിറച്ചി വിൽപ്പനക്കാരുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.കഴിഞ്ഞ ജൂലൈ മാസം നാലാം തീയതിയാണ് നാഗാലാൻഡിൽ പട്ടിയിറച്ചി വിൽപ്പനയും ഇറക്കുമതിയും നാഗാലാൻറ് സർക്കാർ നിരോധിച്ചത്.

ഭക്ഷ്യ സുരക്ഷ നിയമത്തിലെ വകുപ്പുകൾ തെറ്റായി വ്യാഖ്യാനിച്ചാണ് പട്ടിയിറച്ചി നിരോധനം നടപ്പിലാക്കിയത് എന്നാണ് ഹർജിക്കാരുടെ ഒരു പ്രധാന വാദം. ജൂലൈ 4ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ഇറച്ചിക്കായി നായയെ വിൽക്കുന്നത് പൂർണ്ണമായി നിരോധിച്ചിരുന്നു. ഒപ്പം നായകളുടെ ഇറക്കുമതിയും, വേവിച്ചോ, വേവിക്കാതെയോ ഉള്ള പട്ടിയിറച്ചി വിൽപ്പനയും നിരോധിച്ചിരുന്നു.

ഇതിനെതിരെ കഴിഞ്ഞ സെപ്തംബർ 2നാണ് കൊഹിമ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള ലൈസൻസുള്ള പട്ടിയിറച്ചി വിൽപ്പനക്കാർ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസിൽ നാഗാലാൻറ് സർക്കാറിൻറെ സത്യവാങ്മൂലം ആവശ്യപ്പെട്ടു.

കേസ് പിന്നീട് പരിഗണിച്ചപ്പോൾ സർക്കാർ മറുപടി നൽകാത്തതിനെ തുടർന്നാണ് നിരോധന ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തത്. പട്ടിയിറച്ചി നിരോധനത്തിന് നിയമപരമായ അടിത്തറയില്ലെന്നാണ് ഇവർ വാദിച്ചത്.