കൊറോണയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രി മോദി; അഹമ്മദാബാദിലെ വാക്സിൻ നിർമ്മാണ കേന്ദ്രം സന്ദർശിച്ചു

ന്യൂഡെല്‍ഹി: കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ സൈഡസ് കാഡില പ്ലാന്റിലെത്തി മോദി ആരോഗ്യവിദഗ്ധരുമായി സംസാരിക്കവെയാണ് ശുഭാപ്തി വിശ്വാസം പങ്കുവച്ചത്. രാജ്യത്തെ മൂന്ന് പ്രശസ്ത മരുന്ന് ഉത്പാദന കമ്പനികളിലാണ് മോദിയുടെ സന്ദര്‍ശനം.

കൊറോണ വാക്‌സിന്‍ വിതരണത്തിനുള്ള തയ്യാറെടുപ്പുകളാണ് മോദി വിലയിരുത്തുന്നത്. റോഡ് മാപ്പ് തുടങ്ങിയവയുടെ വിശകലനമാണ് നടക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചങ്കോദര്‍ വ്യവസായ മേഖലയിലെ സിഡസ് കാഡില ഗവേഷണ കേന്ദ്രത്തിലെത്തി പിപിഇ കിറ്റ് ധരിച്ചാണ് മോദി അകത്തേക്ക് പ്രവേശിച്ചത്. വാക്‌സിന്‍ വികസന പ്രക്രിയ സംബന്ധിച്ച അവലോകനം നടന്നു.

ZyCoV-D എന്ന വാക്‌സിനാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്നും ഹൈദരാബാദിലെ ഭാരത് ബയോടെക്കിലാണ് മോദി സന്ദര്‍ശനം നടത്തുക. കോവാക്സിനാണ് ഇവിടെ വികസിപ്പിച്ചെടുക്കുന്നത്. പിന്നീട് ആസ്ട്ര സിനെക- ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലും മോദി എത്തും.

രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്നതുകൊണ്ടാണ് വാക്‌സിന്‍ ഉത്പാദന പരീക്ഷണം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.