ന്യൂഡെൽഹി:കിഴക്കൻ ലഡാക്കിൽ മറൈൻ കമാൻഡോഴ്‌സിനെ ( മാർക്കോസ് ) വിന്യസിച്ച് ഇന്ത്യ. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കെയാണ് ഇന്ത്യയുടെ ഈ നീക്കം. അതിർത്തിയിലെ സൈനികശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് മറൈൻ കമാൻഡോഴ്‌സിനെ ചൈനീസ് അതിർത്തിയിലേക്ക് നീക്കുന്നത്. കര, വ്യോമ സേനകളിലെ കമാൻഡോ വിഭാഗത്തിനെയും കുറച്ച് മാസങ്ങൾക്ക് മുമ്പ് ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരുന്നു.
ചൈനീസ് അതിർത്തിയിൽ കഴിഞ്ഞ ആറ് മാസമായി വലിയ സേനാവിന്യാസമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ അതിർത്തികളിൽ ചൈന ഗ്രാമങ്ങളും, റോഡുകളും നിർമിക്കുന്നതിന്റെ ഉപഗ്രഹ ചി്‌ത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നാവിക സേനയുടെ കമാൻഡോകളെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യ നീക്കുന്നത്.
കര, വ്യോമ, നാവിക സേനകളിലെ കമാൻഡോ വിഭാഗങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുളള പ്രത്യക പരിശീലനവും ലഡാക്കിൽ നടത്തും. പാങ്‌ടോങ് തടാകത്തിലൂടെ നിരീക്ഷണം നടത്താനും സൈന്യം നീക്കം നടത്തുന്നുണ്ട്. ഇതിനായി പ്രത്യകം സജ്ജമാക്കിയ ബോട്ടുകൾ ലഡാക്കിൽ എത്തിച്ചിട്ടുണ്ട്. ഉയർന്ന മലനിരകളിൽ വ്യോമസേന കമാൻഡോകളും നിരീക്ഷണം നടത്തും.