ഇനി തെറ്റുകള്‍ ആവര്‍ത്തിക്കരുത്, ആമസോണിന് ഏഴ് ദിവസത്തേക്ക് വിലക്ക്, 25000 രൂപ പിഴ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിന് ഏഴു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. വിലക്കിന് പുറമെ 25,000 രൂപ പിഴയും ചുമത്തി.

വ്യാപാര സംഘടനയായ കാണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് പരാതിയുമായി രംഗത്തെത്തിയത്. പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറയുന്നു.

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്ത് നിന്നുള്ളതാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്പന്നങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിയ്ക്കണം എന്ന കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചതിന് ആമസോണിന് നേരത്തെ നോട്ടിസും നല്‍കിയിരുന്നു.