ന്യൂഡെല്‍ഹി: ഡിസംബറില്‍ തുടങ്ങാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനുള്ള ഒരുക്കം തകൃതിയായി. പാര്‍ലമെന്റ് വളപ്പ് കാണാത്തവിധം ചുറ്റിലും കൂറ്റന്‍ ഷീറ്റുകള്‍ ഉയര്‍ത്തി മറയ്ക്കുകയാണിപ്പോള്.
22 മാസം നീളുന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായി നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷിയായി പാര്‍ലമെന്റിന് മുന്നിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ തല്‍സ്ഥാനത്തുനിന്ന് എടുത്തുമാറ്റുകയാണ്. എംപിമാരുടെ സമരസ്ഥലം എന്നതിലുപരി 16 അടി ഉയരമുള്ള പ്രതിമ പാര്‍ലമെന്റ് കാണാനെത്തുന്ന സന്ദര്ശകരുടെകൂടി പ്രധാന ആകര്‍ഷണമായിരുന്നു.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ‘ചമ്രം പടിഞ്ഞിരിക്കുന്ന ഗാന്ധി’യെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിലാണ് താല്‍ക്കാലികമായി കൊണ്ടുവെക്കുകയെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കി. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഇളക്കിപ്രതിഷ്ഠിച്ചിടത്ത് ഗാന്ധി പ്രതിമയിരിക്കും. ഗാന്ധിപ്രതിമ താല്‍ക്കാലികമായി എവിടെ മാറ്റിസ്ഥാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തത് ലോക്സഭാ സ്പീക്കറാണ്.
രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെ മൂന്ന് കിലോമീറ്ററില്‍ മോദി സര്‍ക്കാര്‍ നിര്‍മിക്കുന്ന ’സെന്‍ട്രല്‍ വിസ്റ്റ’യില്‍ ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. രാജ്പഥിനെ ഉടച്ചുവാര്‍ത്ത് കേന്ദ്ര സെക്രട്ട്ടറിയെട്ടിനായി 10 പുതിയ കെട്ടിടങ്ങളും നിര്‍മിക്കും.
പുതിയ പാര്‍ലമെന്റ് സമുച്ചയമടങ്ങുന്ന ‘സെന്‍ട്രല്‍ വിസ്റ്റ’ പദ്ധതിക്കെതിരായ കേസ് തീര്പ്പാക്കിയില്ലെങ്കിലും നിര്‍മാണത്തിന് ഒരു ഭംഗവും വരുത്തരുതെന്ന് പരമോന്നത കോടതി നിലപാട് എടുത്തതോടെയാണ് എതിര്‍പ്പുകള്‍ അവഗണിച്ച് പ്രവൃത്തിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞത്.
കൊറോണ സമയത്ത് ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും നിര്‍മാണ പ്രവര്‍ത്തനത്തിന് സ്റ്റേ ഏർപ്പെടുതേണ്ട കാര്യമില്ലെന്നുമായിരുന്നു ഹരജിക്കാരനായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞത്.