ടോക്കിയോ: മുടക്കാൻ പണമുണ്ടെങ്കിൽ മാസ്ക് വച്ചാൽ സുരക്ഷിതത്വത്തിനൊപ്പം ലുക്ക് മാറുമെന്ന് തെളിയിച്ച് ജപ്പാൻ. കൊറോണയിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായാണ് ജപ്പാൻ രംഗത്തെത്തിയത്. വില കൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ അഥവാ 9,600 ഡോളർ ആണ് വജ്രമാസ്കിന്റെ വില.
കോക്സ് കമ്പനിയുടെ മാസ്ക്.കോം ആണ് കഴിഞ്ഞാഴ്ച മുതൽ ഹാൻഡ് മെയ്ഡ് ആയ ഈ ഡയമണ്ട് മാസ്കുകൾ വിൽക്കാൻ തുടങ്ങിയത്.
കൊറോണ മൂലം തകർന്ന ഫാഷൻ മേഖലയെ പുനഃരുജ്ജീവിപ്പിക്കുകയാണ് ഈ ആഡംബര മാസ്കുകളുടെ വിൽപന കൊണ്ട് ലക്ഷ്യമിടുന്നത്.
0.7 കാരറ്റ് ഡയമണ്ടും 300 ലേറെ സ്വരോവ്സ്കി ക്രിസ്റ്റൽ പീസുകളും കൊണ്ടാണ് ഡയമണ്ട് മാസ്കുകൾ നിർമിച്ചിരിക്കുന്നത്. അതേ സമയം, പേൾ മാസ്കുകളിൽ 330 ജപ്പാനീസ് അകോയ പേളുകളാണ് ചേർത്തിരിക്കുന്നത്.
ഇത്തരത്തിൽ 500 യെൻ വില മുതലുള്ള ആഡംബര മാസ്കുകൾ ഓൺലൈനായും ജപ്പാനിലെ ആറ് എക്സ്ക്ലൂസീവ് ഷോറൂമുകളിലും ലഭിക്കും. പക്ഷേ, ഈ ജപ്പാനീസ് മാസ്കുകൾ അല്ല കേട്ടോ ലോകത്തെ ഏറ്റവും വിലയേറിയ മാസ്ക്. 250 ഗ്രാമിന്റെ 18 കാരറ്റ് സ്വർണം കൊണ്ട് ഇസ്രയേലി ആഭരണ നിർമാണ കമ്പനിയായ യ്വെൽ നിർമിച്ച 1.5 മില്യൺ വില വരുന്ന ആഡംബര മാസ്കിനാണ് ആ റെക്കോർഡ്.