വിദ്യാര്‍ഥികളുടെ ഇനിഷ്യലിൻ്റെ പൂർണ്ണരൂപം ചേർക്കാൻ നടപടിക്ക് സിബിഎസ്ഇക്കു ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വിദ്യാര്‍ഥികളുടെ ഇനിഷ്യലുകളുടെ വികസിത രൂപം കൂടി ചേര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ രജിസ്‌ട്രേഷന്‍ ഫോമുകളുടെ ഫോര്‍മാറ്റ് മാറ്റണമെന്ന ആവശ്യം പരിഗണിക്കാൻ സിബിഎസ്ഇക്കു ഹൈക്കോടതി നിര്‍ദേശം. രജിസ്‌ട്രേഷന്‍ ഫോമില്‍ സര്‍നെയിമിന്റെ സ്ഥാനത്ത് ഇനിഷ്യലിന്റെ വികസിതരൂപം എഴുതുന്നതു ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ടെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്.

കൊച്ചി സ്വദേശി പി.എ ഹാരിഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ രേഖകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നതാവണം സര്‍നെയിം കോളത്തില്‍ ചേര്‍ക്കേണ്ട വിവരങ്ങളെന്നാണ് സിബിഎസ്ഇയുടെ സര്‍ക്കുലറില്‍ പറയുന്നത്.

സര്‍ നെയിം എഴുതാനുള്ള കോളത്തില്‍ ഇനിഷ്യലിന്റെ വികസിത രൂപം എഴുതണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. കേരളത്തില്‍ മിക്ക ആളുകളും സര്‍നെയിം ഉപയോഗിക്കുന്നില്ല. ജാതി സൂചിപ്പിക്കുന്നവയായതിനാല്‍ സര്‍നെയിം ഉള്ളവരില്‍ ഭൂരിപക്ഷവും അത് പേരിനൊപ്പം ഉപയോഗിക്കാറില്ല. അവര്‍ ഇനിഷ്യലായി ഉപയോഗിക്കുന്നത് സര്‍നെയിമിെന്റ ചുരുക്കമാകണമെന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇനിഷ്യലിന്റെ വികസിത രൂപത്തില്‍ പിതാവിന്റെ പേരോ മാതാവിന്റെ പേരോ കുടുംബ പേരോ ആവാം. ഇതു വ്യക്തമാക്കാന്‍ കഴിയും വിധം ഫോര്‍മാറ്റ് പരിഷ്‌കരിക്കാനാണ് നിര്‍ദേശം.