ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു. വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച പ്രകാരവും ദർശനം നടത്താം. നെയ്‌വിളക്ക് വഴിപാടുള്ള ഭക്തർക്ക് നേരിട്ട് നാലമ്പലത്തിൽ പ്രവേശിക്കാം.
വെർച്വൽ ക്യൂവിൽ ദിവസം 4000 പേർക്കാണ് ദർശനം. കിഴക്കേ നടയിൽ വഴിപാട് കൗണ്ടർ തുറക്കും. തുലാഭാരത്തിന് ഭഗവതി അമ്പലം വഴി പ്രവേശിപ്പിക്കും. അവർക്ക് നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കും. ദിവസം നൂറ് വിവാഹങ്ങൾ നടത്താനും അനുമതി നൽകി. നിലവിൽ 60 വിവാഹങ്ങൾക്കായിരുന്നു അനുമതി.
കൊറോണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസും, അഡ്മിനിസ്‌ട്രേറ്റർ ടി.ബ്രീജാകുമാരിയും അറിയിച്ചു.ദർശന ക്രമീകരണംഭക്തർക്ക് കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി വിളക്കുമാഠത്തിനരികിലുള്ള ക്യൂ വഴി പ്രദക്ഷിണം ചെയ്ത് കിഴക്കേ വാതിൽ വഴി നാലമ്പലത്തിൽ കടക്കാം. തുടർന്ന് നമസ്‌കാര മണ്ഡപത്തിന് മുന്നിൽ വന്ന് ഗുരുവായൂരപ്പനെയും ഗണപതിയെയും ദർശിച്ച് വടക്കേ വാതിൽ വഴി ചുറ്റമ്പലത്തിൽ പ്രവേശിച്ച് ഭഗവതി ദർശനത്തിനു ശേഷം പുറത്തിറങ്ങണം.