ബെംഗളൂരു: ഭീഷണിയുടെ സ്വരവുമായി മംഗളൂരു നഗരത്തില്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്ന ചുവരെഴുത്ത്. സംഘികളെ നേരിടാന്‍ ലഷ്‌കര്‍ ഇ തായ്ബയെയും താലിബാന്‍ തീവ്രവാദികളെയും ഇവിടേക്ക് ക്ഷണിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് എഴുതിവെച്ചിരിക്കുന്നത്. മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസ് അപ്പാര്‍ട്ട്‌മെന്റിലെ ചുവരിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
ഭീകരവാദികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഈ ചുവരെഴുത്ത് സര്‍ക്കാരിന് തലവേദനയായി. ലഷ്‌കര്‍ സിന്ദാബാദ് എന്നും ഇതിനൊപ്പം എഴുതിയിട്ടുണ്ട്. ആരാണ് ഇതിനുപിന്നിലെന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശത്തെ സിസിടിവി പരിശോധിക്കുന്നുണ്ട്.
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുമുതലിന് നാശം വരുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ലഷ്‌കര്‍ ഇ തയ്ബയുടെ നേതൃത്വത്തില്‍ മുംബൈ ഭീകരാക്രമണം നടന്നതിന്റെ 12ാം വാര്‍ഷിക ദിനത്തിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2008 നവംബര്‍ 26നാണ് മുംബൈ നഗരത്തില്‍ ആക്രമണം നടന്നത്.
ലൗ ജിഹാദ്, ഗോവധനിരോധനം എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.