ന്യൂഡെൽഹി: കാർഷിക പരിഷ്‍കരണ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രം കർഷകരുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ഡിസംബർ മൂന്നിന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഡെൽഹി ഹരിയാന അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. പതിനായിരക്കണക്കിന് കർഷകരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക്ക്ക് ശേഷം രണ്ടുമണിയോടെ കർഷകർ പൊലീസ് ബാരിക്കേഡുകൾക്ക് അരുകിലേക്ക് ഇരച്ചുനീങ്ങി.
ബാരിക്കേഡുകളും കോൺക്രീറ്റ് പാളികളും തള്ളിമാറ്റി പൊലീസിന് നേരെ നീങ്ങിയതോടെ ഒരു മണിക്കൂറോളം ഡെൽഹി-ഹരിയാന അതിർത്തി യുദ്ധക്കളമായി. ഗത്യന്തരമില്ലാതെ ഒടുവിൽ പോലീസ് നിലപാട് മാറ്റി. കർഷകശക്തിയെ അവഗണിച്ചാൽ പിടിച്ചു നിൽക്കാനാവില്ലെന്ന് ഒടുവിൽ കേന്ദ്രസർക്കാരും തിരിച്ചറിഞ്ഞു.
സമരം ഉപേക്ഷിക്കണമെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടു. ബുറാഡിയിൽ എത്തുന്ന കർഷകർക്ക് എല്ലാ സഹായങ്ങളും വാഗ്‍ദാനം ചെയ്യുമെന്ന് ഡെൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനായി എത്തുന്ന കർഷകർക്ക് വെള്ളവും, ശുചി മുറികളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തുടങ്ങിയ കർഷകരുടെ ഡെൽഹി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.