വൈറസിനെ വെല്ലുന്ന രാഷ്ട്രീയക്കളി; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊറോണ പരിശോധനാ ഫലം സിപിഎം ഇടപെട്ട് പോസിറ്റീവാക്കിയെന്ന് ആരോപണം

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊറോണ പരിശോധനാ ഫലം സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പോസിറ്റീവാക്കിയെന്ന് ആരോപണം. തലക്കുളത്തുര്‍ 15ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിനി ദേവരാജനാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഎം തുടര്‍ച്ചയായി ജയിക്കുന്ന വാര്‍ഡില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടിട്ടാണ് തന്നെ പ്രചാരണരംഗത്ത് നിന്ന് മാറ്റാന്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് സജിനി പറഞ്ഞു.

കഴിഞ്ഞ ദിവസം സജിനിയുടെ മകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കാന്‍ വീട്ടില്‍ സൗകര്യമില്ലാഞ്ഞിട്ടും കൊറോണ സെന്ററിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ആദ്യം തയ്യാറിയില്ലെന്നും സജിനി ആരോപിക്കുന്നു.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി പ്രദേശത്തെ സിപിഎം നേതൃത്വമായിരിക്കുമെന്ന് സജിനി പറഞ്ഞു.

മകന് രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീട്ടുലുള്ള മറ്റുള്ളവര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ സജിനിക്ക് മാത്രമാണ്‌ കൊറോണ പോസിറ്റീവായത്. തലക്കൂളത്തൂല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശ്രവം ശേഖരിച്ച്‌ കോഴിക്കോട് ബീച്ചാശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് പോസിറ്റാവായത്. ഇത് സിഎച്ചസിയെ സ്വാധീനിച്ച്‌ സിപിഎം നേതൃത്വം ഉണ്ടാക്കിയ വ്യാജ റിപ്പോര്‍ട്ടാണെന്നാണ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.

കോഴിക്കോട്ടെ മറ്റ് പ്രമുഖ ലാബുകളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇവിടെ നിന്നെല്ലാം നടത്തിയ പരിശോധനകള്‍ നെഗറ്റീവ് ആണ്. ഇതേ തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.