കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റത്തിനുളള ആവശ്യം ഹർജിയായി ഉന്നയിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹൈക്കോടതിയിൽ ഉന്നയിച്ച വാദമുഖങ്ങൾ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും അറിയിക്കുക. നേരത്തേ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസ്സമായതിനാലാണ് സിആർപിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാൻ തീരുമാനിച്ചത്.
ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശം ഉണ്ടായിരുന്നു.
വേഗത്തിൽ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണകോടതിയുടെ ശ്രമം. അടുത്തമാസം രണ്ടാം തീയതി വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അടക്കമുളളവർക്കും വിചാരണ കോടതി നിർദേശം നൽകിയിട്ടുണ്ട്.