ദേശീയ പണിമുടക്ക്: കേരളത്തിൽ ഹർത്താലായി; ജനജീവിതം സ്തംഭിച്ചു

തിരുവനതപുരം: കേന്ദ്ര സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് നടന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കൊച്ചി മെട്രോ ഒഴികെ പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല.

ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകൾ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി ശബരിമല സർവീസ് മാത്രമാണ് നടത്തിയത്. 4800 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 17 പേർ മാത്രം. വ്യവസായ നഗരമായ കൊച്ചിയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. മലബാറിൽ പണിമുടക്ക് പൂർണ്ണമായി. വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക്. ഐഎന്‍ടിയുസി, എഐടിയുസി, എഐസിസിടിയു, സിഐടിയു, ടിയുസിസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എല്‍പിഎഫ്, യുടിയുസി തുടങ്ങി പത്ത് ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ക്കും തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 25 കോടി തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ അറിയിച്ചു. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.