ബിപിസിഎൽ സ്വകാര്യവത്കരണം ; എൽപിജി കണക്ഷനുകൾ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റും

ന്യൂഡെൽഹി: ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുന്നതിനാൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റിയേക്കും.

ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. ഇന്ത്യൻ ഓയിലിന്റെ ഇൻഡേനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്പിയുമാണ് എൽപിജി വിതരണംചെയ്യുന്നത്.

കണക്ഷനുകൾ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും. മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കൈമാറ്റനടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതുമേഖല എണ്ണക്കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണെന്നും പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനുശേഷം നിലവിൽ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകിവരുന്നത്.

2020 സാമ്പത്തികവർഷം അവസാനം സബ്സിഡിയിനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നൽകാനുള്ളത്.

സ്വകാര്യവത്കരണം പൂർത്തിയായാൽ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്തുവരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റുന്നത്.