ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വാക്‌സിൻ നിർമ്മിക്കുന്ന പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അസ്ട്ര സെനേകയുമായും ഓക്‌സ്ഫർഡ് യൂണിവേഴ്‌സിറ്റിയുമായും സഹകരിച്ചാണ് സെറം രാജ്യത്ത് കൊറോണ വാക്‌സിൻ ഉൽപാദിപ്പിക്കുന്നത്.
പ്രധാനമന്ത്രി നാളെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി പുണെ ഡിവിഷണൽ കമ്മീഷണർ സുരഭ് റാവു പിടിഐയോട് പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ പരിപാടിയുടെ പൂർണമായ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വാക്‌സിൻ ഉൽപാദിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിനായി കൊറോണ വാക്‌സിൻ ഉൽപാദനത്തിന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയിരുന്നു.