കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം ഉയർന്ന കളമശേരി മെഡിക്കൽ കോളജിന് ആരോഗ്യ വകുപ്പും ക്ലീൻ ചിറ്റ് നൽകി. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. കളമശ്ശേരി മെഡിക്കൽ കോളജിലെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികൾ പൊലീസും തള്ളിയിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിക്കുകയായിരുന്നു.കൊറോണ രോഗിയുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടർക്ക്, താൻ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിൻറെ കുടുംബം ആരോപിച്ചു, ആശുപത്രിയിലെ ജൂനിയർ ഡോക്ടർ നജ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അശോകപുരം സ്വദേശി ജമീലയുടെയും, ആലുവ സ്വദേശി ഹാരിസിന്റെയും ബന്ധുക്കളും പരാതിയുമായി എത്തുന്നത്. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ മാസം 19 നാണ് ഹാരിസിൻ്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ കളമശ്ശേരി പൊലീസിൽ പരാതി നൽകുന്നത്.