ചെന്നൈ: ആഞ്ഞടിച്ച നിവാര്‍ ചുഴലിക്കാറ്റ് പുലര്‍ച്ചെ രണ്ടരയോടെ തീരം തൊട്ടതോടെ തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ തീരമേഖലയിലും പുതുച്ചേരിയിലും വൻ കൃഷിനാശം ഉണ്ടായി.രണ്ടു പേർ മരിച്ചു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വില്ലുപുരത്ത് മരം കടപുഴകി വീടിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. 47കാരി രാജേശ്വരിയാണ് മരിച്ചത്. പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് ഒരാള്‍ മരിച്ചു ഒന്നേമുക്കാല്‍ ലക്ഷം പേരെ 25,000 ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചതു കൊണ്ടുതന്നെ വലിയ ദുരന്തം ഒഴിവായി കിട്ടിയെന്നാണ് വിലയിരുത്തല്‍. 120 മുതല്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചിരുന്ന നിവാറിന്റെ വേഗത അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ 65 മുതല്‍ 75 കിലോമീറ്ററായി കുറയും.
അതേസമയം, പുതുച്ചേരിയിലും തമിഴ്നാട് തീര ജില്ലകളിലും കനത്ത മഴ തുടരുകയാണ്. വ്യാപകമായ കൃഷിനാശം ഉണ്ടായെന്ന് എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ നടത്തിയത്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും രാമേശ്വരത്തും നാഗപട്ടണത്തും ക്യാമ്പ് ചെയ്യുകയാണ്.
ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പുതുച്ചേരിയില്‍ പലയിടങ്ങളിലും മരംവീണ് ഗതാഗതം തടസപ്പെട്ടു.
റെയില്‍, വ്യോഗ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ചെന്നൈ വിമാനത്താവളം ഇന്നലെ രാത്രി ഏഴിന് അടച്ചിരുന്നു. ചെന്നൈയില്‍ നിന്നുള്ള 70 വിമാന സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. തീരപ്രദേശത്ത് മണ്ണിടിച്ചിലിനും ഉണ്ടായിട്ടുണ്ട്.