കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകൻ അഡ്വ ബിഎ ആളൂർ. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് ആളൂർ വിചിത്രമായ അപേക്ഷ നൽകിയത്. ജോളി ജയിലിൽ ആയതിനാൽ അവർക്കായി സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ആളൂർ കോടതിയിൽ അപേക്ഷ നൽകി.
വിവിധയാളുകളിൽ നിന്നായി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ആളൂർ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ആളൂരിൻ്റെ ഇടപെടലിനെ പ്രോസിക്യൂഷനും പൊലീസും പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ജോളി കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക നേട്ടത്തിനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
കടം നൽകിയതും റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉൾപ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. തടവിലായതുകൊണ്ട് പണം നൽകാനുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. അതിനാൽ അവരുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുത്ത് നടത്താൻ അഭിഭാഷകന് അനുവാദം നൽകണമെന്നാണ് ആളൂരിൻറെ ആവശ്യം.
കൂടത്തായി കൂട്ടക്കൊല കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18-ലേക്ക് കോടതി മാറ്റി വച്ചിരിക്കുകയാണ്. ജോളിക്ക് 30 ലക്ഷം രൂപയോളം പലരിൽ നിന്നുമായി കിട്ടാനുണ്ടെന്ന അഭിഭാഷകൻ ആളൂരിൻ്റെ വെളിപ്പെടുത്തൽ പൊലീസിൻ്റെ നേരത്തെയുള്ള കണ്ടെത്തലുകൾക്ക് ബലം നൽകുന്നതാണ്.
ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാൻ അനുവാദം നൽകണമെന്ന് ജോളി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.